Posted By christy Posted On

പ്രായമായവർ യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ കഷ്ട്ടപ്പെടാറുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ആരുടെയും സഹായം തേടാതെ പണമയക്കാൻ ഒരു ആപ്പ്

കച്ചവട സ്ഥാപനങ്ങളിൽ പേയ്മെന്റ് നടത്താനും പരസ്പരം പണമിടപാട് നടത്താനുമൊക്കെ ആളുകൾ വിവിധ യുപിഐ ആപ്പുകളെ ഉപയോഗപ്പെടുത്തിവരുന്നു. ഇപ്പോൾ അ‌ക്കൂട്ടത്തിലേക്ക് ഒരു പുതിയ ആപ്പ് കൂടി എത്തിയിട്ടുണ്ട്. എന്നാലിത് എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കില്ല. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ​ലൈൻ ക്ലബ് ആയ ജെൻ​വൈസ് (GenWise) ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
ജെൻ​വൈസ് യുപിഐ ആപ്പ് എന്നാണ് മുതിർന്നവർക്കായുള്ള ഈ ആപ്പിന്റെ പേര്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാണ്. ലളിതമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയെല്ലാമുള്ള ഈ ആപ്പ് മുതിർന്നവർക്കായി അ‌വതരിപ്പിക്കപ്പെട്ട ആദ്യത്തെ യുപിഐ ആപ്പ് ആണ് എന്നാണ് പറയപ്പെടുന്നത്.

സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ യുപിഐ ഇടപാടുകൾ വ്യാപകമായിട്ടുണ്ട്. ഒക്ടോബറിൽ മാത്രം 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ യുപിഐ സേവനങ്ങൾ ആസ്വദിക്കുന്നു എന്നാണ് കണക്ക്. എന്നാൽ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇന്ത്യയിലെ 250 ദശലക്ഷം വയോധികർ യുപിഐ സേവനം ഉപയോഗിക്കുന്നില്ല എന്നതാണ് അ‌ത്. ഇതിനുള്ള ഒരു പരിഹാരം കൂടിയാണ് ജെൻ​വൈസ് യുപിഐ ആപ്പ്.

ഇന്ത്യയിലെ മുതിർന്ന ആളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും യുപിഐ പേയ്മെന്റുകൾ നടത്താറില്ല എന്നാണ് റിപ്പോർട്ട്. ഗൂഗിൾ പേ, ഫോൺ പേ, തുടങ്ങി വിവിധ യുപിഐ ആപ്പുകൾ സജീവമാണെങ്കിലും മുതിർന്ന പൗരന്മാർ പലരും ഇത് ഉപയോഗിക്കാൻ മുന്നോട്ട് വരുന്നില്ല.
ഓൺ​ലൈനിൽ ഇടപാട് നടത്തുന്നതിലെ ആശങ്കകളും എങ്ങനെ ​കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച വ്യക്തതക്കുറവുമൊക്കെ മുതിർന്ന ആളുകളെ യുപിഐ പേയ്മെന്റ് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. എന്നാൽ തങ്ങളുടെ ജെൻ​വൈസ് യുപിഐ ആപ്പ് ഉപയോഗിച്ച് പ്രായമായവർക്ക് സുരക്ഷിതമായും ലളിതമായും യുപിഐ പേയ്മെന്റുകൾ നടത്താനാകുമെന്ന് ജെൻ​വൈസ് അ‌വകാശപ്പെടുന്നു.

ഇടപാടുകൾ സുഗമമാക്കുന്നതിന് ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ജെൻ​വൈസ് യുപിഐ സജ്ജമാക്കിയിരിക്കുന്നത്. ഷോപ്പിംഗ് സമയത്ത് സ്കാൻ ചെയ്ത് പേയ്മെന്റുകൾ നടത്താനും മറ്റ് വിധത്തിലുള്ള പണം ​കൈമാറ്റം നടത്താനും ഈ ആപ്പ് സീനിയർ സിറ്റിസൺസിന് ഉപയോഗിക്കാനാകും. യുപിഐ ലൈറ്റ്, മൊബൈൽ നമ്പർ മാപ്പർ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്. അ‌തിനാൽ ബാങ്ക് ഡീറ്റെയിൽസ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താം.

വെറും 1 ക്ലിക്കിലൂടെ രസീതുകളും പേയ്മെന്റുകളും പരിശോധിക്കാനുള്ള സൗകര്യം, 1 മാസത്തെ സൗജന്യ യുപിഐ തെഫ്റ്റ് പ്രൊട്ടക്ഷൻ ഇൻഷുറൻസ്, യുപിഐ പേയ്മെന്റ് റിവാർഡുകൾ എന്നിവയും ഈ യുപിഐ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിൽ ഈ ആപ്പ് സജ്ജമാക്കാം. ജെൻ​വൈസ് യുപിഐ സജ്ജീകരിക്കുന്നതിനായി ആദ്യം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് ഫോൺ നമ്പർ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. തുടർന്ന് ബാങ്ക് അ‌ക്കൗണ്ട് ആഡ് ചെയ്യുക. ശേഷം യുപിഐ പിൻ സെറ്റ് ചെയ്യുന്നതോടുകൂടി ആപ്പ് പ്രവർത്തന സജ്ജമാകും, തുടർന്ന് പേയ്മെന്റുകൾ നടത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *