Posted By christy Posted On

ഇന്ത്യയിൽ കഴിഞ്ഞ വർഷം മാത്രം ഇന്റർനെറ്റ് ഉപരോധം 84 തവണ

2024ൽ മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം ഏർപ്പെടുത്തിയത് 84 തവണയെന്ന് റിപ്പോർട്ട്. ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റിന് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ മ്യാൻമാറിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 85 തവണയാണ് മ്യാൻമാറിൽ ഇന്റർനെറ്റ് ഉപരോധം ഏർപ്പെടുത്തിയത്. ആക്‌സസ് നൗവ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആറു വർഷത്തിനു ശേഷമാണ് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്ന് പിന്നോട്ട് പോകുന്നത്. 2023 മുതൽ (116) ഇന്ത്യയിൽ ഉണ്ടായ ഇന്റർനെറ്റ് ഉപരോധങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പത്തിയിട്ടുണ്ടെങ്കിലും 84 സംഭവങ്ങൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപരോധങ്ങളിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും 23 എണ്ണം വർഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു.

സർക്കാർ തൊഴിൽ നിയമന പരീക്ഷകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അഞ്ചു തവണ രാജ്യത്ത് ഇന്റർനെറ്റ് ഉപരോധം ഉണ്ടായി. 16-ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കുറഞ്ഞത് ഒരു തവണയെങ്കിലും ഇന്റർനെറ്റ് ഉപരോധം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മണിപ്പൂരിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് ഉപരോധം ഉണ്ടായത്. 21 തവണയാണ് സംസ്ഥാനത്തെ ഇന്റർനെറ്റ് ബന്ധം പൂർണമായി വിശ്ഛേദിച്ചത്. 12 തവണ ഉപരോധം നേരിട്ട ഹരിയാനയും ജമ്മു കശ്മീരുമാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം, 54 രാജ്യങ്ങളിലായി 296-ലധികം തവണയാണ് കഴിഞ്ഞ വർഷം ഇന്റർനെറ്റിന് ഉപരോധം ഉണ്ടായത്. ഏഷ്യാ പസഫിക്ക് മോഖലയിലെ, 11 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ആയി 202 തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായി. 2024-ൽ രേഖപ്പെടുത്തിയ ഉപരോധങ്ങളിൽ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങളിൽ മാത്രമായാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *