
ഇനി ഇൻസ്റ്റയിൽ ഇഷ്ടപ്പെടാത്ത കമന്റുകൾ ഡിസ്‌ലൈക്കും ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ
ഇൻസ്റ്റാഗ്രാമിൽ കമന്റുകൾക്ക് ഡൗൺവോട്ട് നൽകാനോ ഡിസ്‌ലൈക്ക് ചെയ്യാനോ ഉള്ള ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റ് ഇഷ്ടപ്പെട്ടില്ല അല്ലെങ്കിൽ അത് പ്രസക്തമല്ലെന്ന് ഉപയോക്താക്കൾക്ക് തോന്നുകയാണെങ്കിൽ അത് ഡിസ്‌ലൈക് നൽകി പ്രകടിപ്പിക്കാനാകും. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ഒരു കമന്റ് ഡിസ് ലൈക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഫീഡ് പോസ്റ്റുകളിലും റീലുകളിലും ഈ സവിശേഷത ദൃശ്യമാകും. പോസ്റ്റിൽ കമ്പനി ഡിസ്‌ലൈക്ക് എണ്ണം കാണിക്കില്ലെന്നും നിങ്ങൾ ഒരു കമന്റ് ഡിസ്‌ലൈക്ക് ചെയ്‌തതായി ആരും അറിയില്ലെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ‘ആരോ’ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഫീച്ചര്‍ സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്.
Comments (0)