
നിങ്ങളുടെ പക്കൽ ആധാർ കാർഡില്ലേ; ഡോണ്ട് വറി! ഓൺലൈനിൽ ഡിജിറ്റൽ ആധാർ ഇങ്ങനെ ഡൗൺലോഡ് ചെയ്യാം
നിത്യ ജീവിതത്തിൽ നമ്മൾ പല സന്ദര്ഭങ്ങളിലും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. കേന്ദ്ര സർക്കാർ ഏജൻസിയായ യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ 138 കോടി ആധാർ കാർഡുകൾ വിതരണം ചെയ്തതായാണ് കണക്ക്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാൽ കയ്യിൽ ആധാർ കാർഡ് ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ടതില്ല. ഡിജിറ്റൽ ആധാർ ഓൺലൈനായി ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഔദ്യോഗിക ആധാർ വെബ്സൈറ്റായ https://uidai.gov.in/ സന്ദർശിച്ച് ഡിജിറ്റൽ ആധാർ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ സൗകര്യപ്രദമായ ഭാഷ തെരഞ്ഞെടുത്ത ശേഷം My Aadhaar എന്ന മെനുവിൽ പോയാൽ Download Aadhaar എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാനുള്ള വിവരങ്ങൾ നൽകാനുള്ള വിൻഡോ തുറക്കും.
നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ചോ, എന്റോൾമെന്‍റ് ഐ.ഡി ഉപയോഗിച്ചോ, വിർച്വൽ ഐ.ഡി ഉപയോഗിച്ചോ ഡിജിറ്റൽ ആധാർ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾ നൽകിയ ശേഷം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി മെസ്സേജായി വരും. ഒ.ടി.പി നൽകിയാൽ ഡിജിറ്റൽ ആധാർ പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം. പാസ്‌വേഡ് നൽകിയാൽ മാത്രമേ ഡിജിറ്റൽ ആധാർ ഓപ്പൺ ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ പേരിന്‍റെ ഇംഗ്ലീഷിലെ ആദ്യ നാല് അക്ഷരങ്ങളും ജനിച്ച വർഷവും ചേർത്തതാണ് പാസ്‌വേഡ്. ഈ എട്ടക്ക പാസ്‌വേഡ് അടിച്ചാൽ ഡിജിറ്റൽ ആധാർ തുറന്ന് ഉപയോഗിക്കാൻ സാധിക്കും.
Comments (0)