
ചിലപ്പോൾ പണികിട്ടും; നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയുമോ? പരിശോധിക്കാം
എല്ലാ ഇന്ത്യൻ പൗരന്മാരും ഒട്ടുമിക്ക സർക്കാർ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഐഡന്റിറ്റി രേഖയാണ് ആധാർ കാർഡ്. എന്നാൽ നിങ്ങളുടെ ആധാർ കാർഡുകൾ ദുരുപയോഗപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് അറിയാമോ? . ആധാർ ദുരുപയോഗം ചെയ്ത് മറ്റൊരാൾക്ക് നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും സിം കാർഡ് എടുക്കാനും അതുവഴി വൻ തട്ടിപ്പ് നടത്താനും കഴിയും. ഇത്തരത്തിലുള്ള തട്ടിപ്പിൽ കുടുങ്ങിയാൽ വൻവില നൽകേണ്ടി വരുമെന്ന് സാരം. കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ ഒരാൾക്ക് യുപി പോലീസിന്റെ നോട്ടീസ് ലഭിച്ചത്. പത്ത് ദിവസത്തിനകം ലക്‌നൗ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ. കുറ്റക്രിത്യത്തിൽ ഉൾപ്പെടാത്ത ഇദ്ദേഹം സുഹൃത്തിന് തന്റെ ആധാർ കാർഡ് നൽകി ബാങ്ക് അക്കൗണ്ട് എടുക്കാൻ സഹായിച്ചു എന്നതായിരുന്നു ആകെ ചെയ്ത അപരാദം.
സുഹൃത്ത് ഇയാളുടെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും അത് യുപി പോലീസ് കണ്ടെത്തുകയുമായിരുന്നു. കുടുങ്ങിയത് ഒന്നുമറിയാത്ത ആളും. ആർക്കെങ്കിലും നിങ്ങളുടെ മൊബൈൽ നമ്പറിലോ ഇ-മെയിൽ ഐഡിയിലോ ആക്‌സസ് ലഭിച്ചാലും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കുരുക്കിൽപ്പെടുന്നതിന് മുമ്പ് തന്നെ നമ്മുടെ ആധാർ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നറിയാൻ സാധിക്കും. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോഗിച്ച് നിങ്ങളുടെ ആധാർ ഉപയോഗത്തിന്റെ ഹിസ്റ്ററി പരിശോധിക്കാവുന്നതാണ്. അനധികൃത ഇടപാടുകളിൽ സംശയമുണ്ടെങ്കിൽ നടപടിയെടുക്കാവുന്നതുമാണ്. ഒരു പക്ഷെ ചെറിയ സംശയം വലിയ കുരുക്കിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കും. അതിനാൽ തന്നെ UIDAI വഴി തീർച്ചയായും ആധാറിന്റെ ഹിസ്റ്ററി പരിശോധിക്കണം.
അതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ uidai.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മലയാളമുൾപ്പെടെ 12 ഭാഷകളിൽ ഈ വെബ്‌സൈറ്റ് ലഭിക്കും. 12 ഡിജിറ്റ് ആധാർ നമ്പറും captcha കോഡും നൽകിയാൽ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.
ഈ ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആധാർ ഓതൻറിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാം. നിങ്ങൾക്കറിയാതെ മറ്റെവിടെയെങ്കിലും ആധാർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അഥവാ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ UIDAI ഹെൽപ്പ് ലൈൻ നമ്പറായ 1947ൽ വിളിച്ച് വിവരം നൽകണം.
അല്ലെങ്കിൽ help@uidai.gov.in എന്ന ഇ-മെയിൽ വഴിയും ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങൾ അറിയിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ ആധാർ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടി ലോക്ക് ചെയ്യാനും സാധിക്കും. ലോക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ സമ്മതമില്ലാതെ ആധാർ മറ്റൊരാൾക്ക് ഉപയോഗിക്കാനുള്ള സാധ്യത പൂർണ്ണമായും തടയും. ആധാർ എങ്ങനെ ലോക്ക് ചെയ്യാമെന്ന് നോക്കാം.
അതിനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ uidai.gov.in. എന്ന വെബ്‌സൈറ്റ് തന്നെയാണ് സന്ദർശിക്കേണ്ടത്. Lock/Unlock Aadhaar എന്ന വിൻഡോ സെലക്ട് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം ലോക്ക് ഒപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങളുടെ ബയോമെട്രിക് ഓതൻറികേഷൻ ലോക്ക് ആവുന്നതാണ്. ഒരിക്കൽ ലോക്ക് ചെയ്താൽ നിങ്ങൾ അൺലോക്ക് ചെയ്യുന്നതുവരെ ആർക്കും നിങ്ങളുടെ ആധാർ ബയോമെട്രിക് ഉപയോഗിക്കാൻ കഴിയില്ല. എപ്പോഴും ആധാർ ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത് കൊണ്ട് ദുരുപയോഗങ്ങൾ തടയാൻ കഴിയും.
ഇപ്പോൾ ഏറ്റവും കൂടുതൽ സ്വീകാര്യവും ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ഉപയോഗിക്കേണ്ടതുമായ രേഖയാണ് ആധാർ. അതിനാൽ തന്നെ ഇതിന്റെ ദുരുപയോഗവും ദിനംപ്രതി കൂടുന്നുണ്ട്. ദുരുപയോഗം തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ച് ആധാർ സുരക്ഷിതമാക്കുന്നതിലൂടെ നിങ്ങളും സുരക്ഷിതമാകും. അതിനാൽ എത്രയും പെട്ടെന്ന് തന്നെ ആധാറിന്റെ ഹിസ്റ്ററി പരിശോധിക്കുകയും ദുരുപയോഗങ്ങൾ നടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.
Comments (0)