
അറിഞ്ഞോ? ജിയോ ഹോട്സ്റ്റാർ ഇനി സൗജന്യമല്ല; ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ 149 രൂപയുടേത്
പ്രധാന സ്ട്രീമിങ് പ്ലാറ്റുഫോമുകളിൽ ഒന്നായ ജിയോ ഹോട്സ്റ്റാർ ഇനി സൗജന്യമായി ലഭിക്കില്ല. ജിയോസിനിമയും ഡിസ്നി + ഹോട്സറ്റാറും സംയോജിപ്പിച്ചുകൊണ്ടുള്ള ജിയോ ഹോട്സ്റ്റാർ, ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലുമെത്തി നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനു പേരാണ് ഇൻസ്റ്റാൾ ചെയ്തത്. സ്വന്തം കണ്ടന്‍റുകൾക്ക് പുറമെ എൻ.ബി.സി യൂനിവേഴ്സൽ, വാർണർ ബ്രദേഴ്സ്, ഡിസ്കവറി, എച്ച്.ബി.ഒ, പാരമൗണ്ട് എന്നിവയുടെ കണ്ടന്‍റുകളും ഉപയോക്താക്കൾക്കായി ലഭ്യമാക്കും. ഇതോടെ മറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നതിനേക്കാൾ പലമടങ്ങ് കണ്ടന്‍റ് ജിയോ ഹോട്സ്റ്റാറിലുണ്ടാകും. നേരത്തെ ഐ.പി.എൽ ഉൾപ്പെടെയുള്ള വമ്പൻ ടൂർണമെന്‍റുകൾ ജിയോ സിനിമയിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നെങ്കിലും ഇനി മുതൽ അത് അങ്ങനെ ആയിരിക്കില്ല. സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ഡിവൈസിൽ മാത്രം ലഭിക്കുന്ന, മൂന്ന് മാസം സാധുതയുള്ള 149 രൂപയുടെ പ്ലാനാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്. പരസ്യങ്ങളുൾപ്പെടെ ഉപയോക്താക്കൾ കാണേണ്ടിവരും. ഇതേപ്ലാനിന് ഒരു വർഷത്തേക്ക് 499 രൂപയാണ് വരിസംഖ്യ. ഇതേ പ്ലാൻ രണ്ട് ഫോണിൽ ഒരേസമയം ലഭിക്കാൻ, മൂന്ന് മാസത്തേക്ക് 299 രൂപയും ഒരു വർഷത്തേക്ക് 899 രൂപയുമാണ് വരിസംഖ്യ. പരസ്യമില്ലാതെ കാണാൻ പ്രീമിയം പ്ലാനുകളുമുണ്ട്. എന്നാൽ വിലയൽപം കൂടും. നാല് ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാവുന്ന ഈ പ്ലാനിൽ മാസം 299 രൂപ, മൂന്നുമാസം 499, ഒരുവർഷം 1499 രൂപ എന്നിങ്ങനെയാണ് നിരക്ക്. നിലവിലെ പ്ലാനുകൾ അപ്ഡേറ്റ് ചെയ്യുന്നവർക്ക് 100 രൂപ ഇളവ് നൽകിയിട്ടുണ്ട്. നിലവിലെ സബ്സ്ക്രൈബർമാർക്ക് പ്ലാൻ വാലിഡിറ്റി കഴിയുന്ന മുറയ്ക്ക് പുതിയ പ്ലാനിലേക്ക് മാറാം.
Comments (0)